ഇത്രയും വലിയ തകര്‍ച്ച; കാരണം തുറന്ന് പറഞ്ഞ് മായവതി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ല്‍ ഒരു സീറ്റ് മാത്രം നേടി തകര്‍ന്നടിഞ്ഞതിനു പിന്നാലെ പ്രതികരണവുമായി മായാവതി. സമാജ്‌വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് തിരിച്ചുവരുമെന്ന് ഭയന്നാണ് ദലിതര്‍ പോലും ബിജെപിക്ക് വോട്ട് ചെയ്തതെന്ന് മായാവതി പറഞ്ഞു

‘എസ്പി വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം പഴയ ജംഗിള്‍ രാജിലേക്കും ഗുണ്ടാരാജിലേക്കും വലിച്ചെറിയപ്പെടുമെന്ന ഭയം ബിഎസ്പിയുടെ അനുയായികള്‍ക്കുണ്ടായി. ഒബിസി സമുദായങ്ങളില്‍ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്തു’ മായാവതി ചൂണ്ടികാട്ടി.

എസ്പിയെ പിന്തുണച്ച മുസ്‌ലികളെയും മായാവതി കുറ്റപ്പെടുത്തി ‘ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകള്‍ എസ്പിയെ വിശ്വസിച്ചു. ഇത് ഞങ്ങളെ ബാധിച്ചു. അവരെ വിശ്വസിച്ചതില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. ഈ അനുഭവം ഞങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യും’ മായാവതി പറഞ്ഞു.

മുസ്‌ലിംകള്‍ പിന്തുണച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താമായിരുന്നുവെന്ന് മായാവതി പറഞ്ഞു ‘മുസ്‌ലിംകളുടെയും ദലിതുകളുടെയും വോട്ടുകള്‍ ഒന്നിച്ചിരുന്നെങ്കില്‍, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ചെയ്തത് ആവര്‍ത്തിക്കാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ത്രികോണ പോരാട്ടം നടന്നിരുന്നെങ്കില്‍ ബിഎസ്പിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാമായിരുന്നു. ബിജെപിയെ തടയാന്‍ കഴിയുമായിരുന്നു’.

ആക്രമണോത്സുകമായ മുസ്‌ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി നടത്തിയതെന്നും മായാവതി പറഞ്ഞു ‘മാധ്യമങ്ങള്‍ കൃത്രിമമായ സര്‍വേകള്‍ പുറത്തുവിട്ടു. ജനങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ഇതിലൂടെ കബളിപ്പിച്ചു. ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്ന സന്ദേശം പുറത്തുവന്നു’. ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കി മായാവതി പറഞ്ഞു.

Top