Successor of Jayalalitha; possibility for Actor Ajith Kumar

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവുമില്ലെങ്കിലും അവരുടെ പിന്‍ഗാമിയെ കുറിച്ചുള്ള അഭ്യൂഹം തമിഴകത്ത് ശക്തമാകുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജയലളിത പങ്കെടുത്ത പൊതു ചടങ്ങില്‍ അവരെ വീക്ഷിച്ചവരെല്ലാം മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

നടക്കാന്‍ പോലും വളരെ പ്രയാസപ്പെട്ടിരുന്നു ജയലളിത. അതുകൊണ്ട് തന്നെ അവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ തമിഴകം അതീവ ഗൗരവമായാണ് കാണുന്നത്.

വിദേശത്ത് നിന്ന് ഡോക്ടര്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുമോയെന്ന ഭീതിയിലാണ് എഐഎഡിഎംകെ അണികള്‍.

അതീവഗൗരവമായ സ്ഥിതിവിശേഷം ഉള്ളതിനാലാണ് വിദേശത്ത് നിന്ന് ഡോക്ടര്‍ എത്തിയതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.

ജയലളിതക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് ഉറപ്പിക്കുന്ന എഐഎഡിഎംകെയിലെ ഒരു വിഭാഗം ധനകാര്യ മന്ത്രി പനീര്‍ ശെല്‍വത്തെ പിന്‍ഗാമിയാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പനീര്‍ ശെല്‍വത്തെ പിന്‍തുണക്കുന്ന അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തിലാണത്രെ നീക്കം.

എന്നാല്‍ ഈ നീക്കത്തെ തടയിടാന്‍ ജയലളിതയുടെ തോഴി ശശികലയുടെ നേതൃത്വത്തില്‍ മറുവിഭാഗവും രംഗത്തിറങ്ങുമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

മുന്‍ ഭരണകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഖ്യമന്ത്രിയാണ് ജയലളിത.

പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടി അവര്‍ തുടങ്ങിയ പദ്ധതികള്‍ വന്‍ വിജയവും ഏറെ ജനപ്രീതി പിടിച്ച് പറ്റുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോള്‍ തമിഴകത്ത് എംജിആറിന് ശേഷം ഏറ്റവും അധികം ജനപിന്‍തുണയുള്ള രാഷ്ട്രീയ നേതാവാണ് ജയലളിതയെന്ന പുരട്ചി തലൈവി.

ഇവര്‍ക്ക് എന്ത് സംഭവിച്ചാലും അത് തമിഴകത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ പൊലീസും അതീവ ജാഗ്രതയിലാണ്.

കേന്ദ്ര സേനയുടെ സേവനം ഇവിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇതിനകം തന്നെ ഉറപ്പ് വരുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വളരെ അടുത്ത സൗഹൃദമാണ് ജയലളിതക്കുള്ളത്.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് പല ബില്ലുകളും പാസാക്കുന്നതിന് എഐഎഡിഎംകെ എംപിമാരുടെ പിന്‍തുണ നിര്‍ണ്ണായകമായിരുന്നു.

സിനിമാ മേഖലക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമിഴകത്ത് പ്രതിപക്ഷത്തെ എം കരുണാനിധി പോലും സിനിമാരംഗത്ത് നിന്ന് കടന്ന് വന്ന നേതാവാണ്. മികച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണ് കരുണാനിധി.

എംജിആറിന്റെ നായികയായി രംഗത്ത് വന്ന ജയലളിത എംജിആറിന്റെ പിന്‍ഗാമിയായി തമിഴ്‌നാട് മുഖ്യമന്ത്രിയായതും കനലുകള്‍ താണ്ടിയാണ്.

സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് വരെയുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് അവര്‍ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി ഉയര്‍ന്നത്.

സിനിമാ രംഗത്ത് വളരെ വിശാലമായ സൗഹൃദമൊന്നും ഇല്ലെങ്കിലും യുവതാരം അജിത്തുമായി വളരെ അടുത്ത ബന്ധം ജയലളിതക്കുണ്ട്.

അജിത്തിന്റെ ആരാധകരില്‍ വലിയ വിഭാഗം എഐഎഡിഎംകെ അനുഭാവികളാണെന്നതും യാഥാര്‍ത്ഥ്യമാണ്.

അജിത്തിനെ പിന്‍ഗാമിയാക്കാനാണ് ജയലളിത ആഗ്രഹിച്ചതെന്നും അമ്മയുടെ താല്‍പര്യമായി തന്നെ അക്കാര്യം പുറംലോകമറിയുമെന്നുമാണ് എഐഎഡിഎംകെയിലെ ചെറുപ്പക്കാരായ അണികള്‍ പ്രതീക്ഷിക്കുന്നത്.

സിനിമാ രംഗത്ത് നിന്നല്ലാതെ ഒരു പിന്‍ഗാമി ജയലളിതക്കുണ്ടായാല്‍ തമിഴകത്ത് പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പ്രബലവിഭാഗം വിശ്വസിക്കുന്നത്.

ഇപ്പോള്‍ താല്‍ക്കാലികമായി ആര്‍ക്ക് ചുമതല നല്‍കിയാലും കരുത്തുറ്റ ഒരു നേതാവ് തന്നെ വേണം എഐഎഡിഎംകെക്ക് മുന്നോട്ട് പോവാനെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

അധികാര തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ മൂര്‍ച്ഛിച്ചാല്‍ ഒരു പിളര്‍പ്പിനുള്ള സാധ്യതയും രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നുണ്ട്.

ഇത് ആത്യന്തികമായി പ്രതിപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് വിലയിരുത്തല്‍.

അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതി സസൂഷ്മം നിരീക്ഷിക്കുന്ന മുഖ്യപ്രതിപക്ഷമായ ഡിഎംകെ അധികാരത്തര്‍ക്കം എഐഎഡിഎംകെയില്‍ രൂപ്പെട്ടാല്‍ മുതലെടുപ്പ് നടത്താനുള്ള നീക്കത്തിലാണ്.

Top