ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലര്‍ച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും, 134 കിലോമീറ്റര്‍ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തില്‍ എത്തി. ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുക.
അതേസമയം റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ഭാവി അനിശ്ചിതത്വത്തിലായി. ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിനായില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് സാധ്യമായില്ല.
സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താന്‍ പറ്റില്ല. ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.