ഇത്തവണ ഓണത്തിന് പായസമുണ്ടാക്കാന്‍ ​സ​ര്‍​ക്കാ​ര്‍ പഞ്ചസാരയില്ല

കൊച്ചി : വര്‍ഷങ്ങളായി ഓണത്തിന് മുഴുവന്‍ റേഷന്‍കാര്‍ഡുകള്‍ക്കും സബ്‌സിഡി നിരക്കില്‍ നല്‍കിയ ഒരുകിലോ പഞ്ചസാര ഇത്തവണ ലഭിക്കില്ല. കേന്ദ്ര സബ്‌സിഡിയായി പഞ്ചസാര ലഭിക്കാത്തതാണ് ഇതിന് കാരണം. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി നിരക്കില്‍ ഓണകാലത്ത് അധികമായി നല്‍കാറുള്ള അഞ്ച് കിലോ അരിയുടെ കാര്യവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ അന്ത്യോദയക്കാര്‍ക്കുമാത്രമാണ് 21 രൂപക്ക് പഞ്ചസാര നല്‍കുന്നത്. നേരത്തെ വിഹിതം കുറച്ചതിന് പിന്നാലെയാണ് മുന്‍ഗണനേതര, പൊതു കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പഞ്ചസാര നിര്‍ത്തിയത്.

അതേസമയം, ഓണത്തിന് കിലോക്ക് 25 നിരക്കില്‍ 10 കിലോ അരിയാണ് മാവേലി സ്‌റ്റോര്‍ അടക്കം ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നത്. ഓണത്തിന് ഇതേ നിരക്കില്‍ അഞ്ചുകിലോ കൂടി അധികം നല്‍കുന്ന പതിവുണ്ടായിരുന്നു. സര്‍ക്കാര്‍ ഖജനാവ് കാലിയായതാണ് സബ്‌സിഡി ഇനത്തില്‍ കൂടുതല്‍ അരി നല്‍കാതിരിക്കാന്‍ കാരണമായി പറയുന്നത്.

റേഷന്‍കടകളില്‍ പച്ചരിക്കും വെള്ളരിക്കുമാണ് ആവശ്യക്കാര്‍ ഏറെയുള്ളതെങ്കിലും ഓണത്തിന് മട്ടഅരിയാണ് കൂടുതല്‍ എത്തിയത്. പ്രളയ ബാധിതര്‍ക്ക് 15കിലോ അരി നല്‍കുമെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി. കേന്ദ്രം സബ്‌സിഡി ഇനത്തില്‍ അരി നല്‍കിയിട്ടില്ല.

Top