subsidy-government

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആനുകൂല്യത്തിന്റെ വലിയൊരു പങ്ക് എത്തുന്നത് സമ്പന്നരിലേക്കെന്ന് സാമ്പത്തിക സര്‍വേ. പ്രതിവര്‍ഷം ലക്ഷം കോടിയുടെ ആനുകൂല്യം സാമ്പത്തികമായി നല്ലനിലയിലുള്ളവരിലേക്ക് അനര്‍ഹമായി എത്തുന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

സ്വര്‍ണം, പാചകവാതകം, മണ്ണെണ്ണ, വൈദ്യുതി, റെയില്‍വേ, വിമാന ഇന്ധനം എന്നിവക്ക് നല്‍കുന്ന സബ്‌സിഡിയുടെയും നികുതി ഇളവിന്റെയും ആനുകൂല്യം കൂടുതലും അനുഭവിക്കുന്നത് സമ്പന്നരാണ്. ഇവര്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്ന സ്വര്‍ണത്തിന് രണ്ടു ശതമാനത്തില്‍ താഴെമാത്രം നികുതി ഈടാക്കുമ്പോള്‍ സാധാരണക്കാരന്‍ നിത്യജീവിത ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും 26 ശതമാനംവരെയാണ് നികുതി.

രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം മാത്രമാണ് സാധാരണക്കാര്‍ വാങ്ങുന്നതെന്നിരിക്കെ നികുതി ഇളവിന്റെ 80 ശതമാനവും സമ്പന്നരിലേക്കത്തെുന്നു. ട്രെയിനില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ജനറല്‍, സ്‌ളീപ്പര്‍ ക്‌ളാസുകളിലെ ടിക്കറ്റ് നിരക്കും സാമ്പത്തികശേഷിയുള്ളവര്‍ യാത്ര ചെയ്യുന്ന എ.സി ക്‌ളാസുകളിലെ ടിക്കറ്റ് നിരക്കിലും സമാനമായ അന്തരമുണ്ട്. ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേക്ക് ഉണ്ടാകുന്ന യഥാര്‍ഥ ചെലവിന്റെ 34 ശതമാനംവരെ നിരക്കിലാണ് ജനറല്‍, സ്‌ളീപ്പര്‍ ക്‌ളാസുകളിലെ ടിക്കറ്റ് നല്‍കുന്നത്. അതേസമയം, എ.സി ക്‌ളാസുകളില്‍ ഇത് 69 ശതമാനംവരെയാണ്.

പാചകവാതക സബ്‌സിഡിയുടെ 91 ശതമാനവും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരാണ് ഉപയോഗപ്പെടുത്തുന്നത്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവരുടെ വീടുകളില്‍ മിക്കയിടത്തും പാചകവാതക കണക്ഷനില്ല. വിമാനയാത്രാ ഇന്ധനത്തിനുള്ള നകുതി 20 ശതമാനം മാത്രമാണ്. അതേസമയം, ഡീസലിന്റെ നികുതി 55ഉം പെട്രോളിന്‍േറത് 61ഉം ശതമാനവുമാണ്. റേഷന്‍ കടകള്‍വഴി 38 ശതമാനം സബ്‌സിഡി നല്‍കിക്കൊടുക്കുന്ന മണ്ണെണ്ണ പകുതിയും അര്‍ഹരല്ലാത്തവര്‍ക്കാണ് ലഭിക്കുന്നത്.

ഉല്‍പാദന ചെലവിനെക്കാള്‍ കുറഞ്ഞനിരക്കില്‍ നല്‍കുന്ന വൈദ്യുതി കൂടുതലും ഉപയോഗിക്കുന്നത് സമ്പന്നവീടുകളിലാണ്. അതിനാല്‍, പാചകവാതകം, വൈദ്യുതി എന്നിവയിലെ സബ്‌സിഡിയില്‍നിന്ന് സമ്പന്നവിഭാഗത്തെ ഒഴിവാക്കണമെന്ന് സര്‍വേ പറയുന്നു. വിമാന ഇന്ധനം, സ്വര്‍ണം നികുതി വര്‍ധിപ്പിക്കണം. അതിലൂടെ പാവപ്പെട്ടവന് ലഭിക്കേണ്ട സബ്‌സിഡി ചോര്‍ച്ച തടയാമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Top