Subramanian Swamy statement

ദില്ലി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പുറത്തേക്കുള്ള വഴി കാണിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെതിരെയും വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യത്തെയും പുറത്താക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു. ജിഎസ്ടി വിഷയത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന് പ്രോത്സാഹനം നല്‍കുന്നത് അരവിന്ദ് സുബ്രഹ്മണ്യമാണെന്ന് രാജ്യസഭാ എംപി കൂടിയായ സ്വാമി ആരോപിച്ചു.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് രഘുറാം രാജന്റെ പിന്‍ഗാമിയായി അരവിന്ദിനെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് അരവിന്ദിനെ എത്രയും വേഗം തത്സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. ജിഎസ്ടിയില്‍ എതിര്‍ നിലപാട് കൈക്കൊള്ളാന്‍ കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിക്കുന്നത് ആരാണെന്ന് ഊഹിക്കാമോ? ജെയ്റ്റ്‌ലിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. സ്വാമി ട്വിറ്ററില്‍ കുറിച്ചു.

അരവിന്ദ് സുബ്രഹ്മണ്യം അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സ്വാമി ആരോപിച്ചു. ഇന്ത്യയുടെ താതപര്യങ്ങള്‍ക്ക് എതിരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ഇത്തരക്കാരെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സ്വാമി പറഞ്ഞു.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ അരവിന്ദ് പറഞ്ഞെന്ന് സ്വാമി ആരോപിച്ചു. അദ്ദേഹത്തിന് അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഉണ്ടാകാമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

അതേസമയം സ്വാമിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ ആരോപണങ്ങളിലൂടെ സ്വാമി അരുണ്‍ ജെയ്റ്റ്‌ലിയെ ആണ് ലക്ഷ്യം വെക്കുന്നതെന്ന് സിംഗ് അഭിപ്രായപ്പെട്ടു.

മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെതിരായ വിമര്‍ശനത്തെ അപപലപിച്ച സിംഗ് ധനമന്ത്രി സ്ഥാനം സുബ്രഹ്മണ്യം സ്വാമിക്ക് നല്‍കാന്‍ മോദിക്ക് ആലോചന ഉണ്ടോ എന്നും ചോദിച്ചു.

നേരത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരെയും കടുത്ത വിമര്‍ശനവുമായി സ്വാമി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്നത് രാജനാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടിരുന്നു.

വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാമൂഴത്തിന് കാത്തുനില്‍ക്കാതെ രാജി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രഘുറാം രാജന്‍.

സുബ്രഹ്മണ്യം സ്വാമിയുടെ ട്വിറ്റര്‍ പോസ്‌ററ്‌

Top