‘ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അഴിമതിക്കാരനെന്ന്’ സുബ്രമഹ്ണ്യ സ്വാമി

ഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെച്ച സാഹചര്യത്തില്‍ ഗവര്‍ണറായി ചുമതലയേറ്റ ശക്തി കാന്തദാസ് അഴിമതിക്കാരനാണെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. നോട്ടുനിരോധനത്തെ പിന്തുണച്ച ശക്തികാന്ത ദാസിന്റെ പ്രവര്‍ത്തനം മോദി പറയുന്നതിനനുസരിച്ച് മാത്രമാകുമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടു നിന്നു എന്നത് മാത്രമല്ല, എയര്‍സെല്‍ മാക്‌സിസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ സഹായിക്കുകയും ചെയ്തിരുന്നു എന്ന ആരോപണം ശക്തികാന്ത ദാസിനെതിരെ ഉയര്‍ന്നിരുന്നു. ഇക്കാരണങ്ങളെല്ലാം കാണിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തു നല്‍കുമെന്നാണ് സുബ്രമഹ്ണ്യന്‍ സ്വാമി പറയുന്നത്.

ശക്തികാന്തദാസ് ചുമതലയേറ്റതില്‍ പ്രതിപക്ഷത്ത്‌ നിന്ന് മാത്രമല്ല, ബിജെപിക്കുള്ളില്‍ നിന്നും എതിര്‍പ്പിന്റെ സ്വരം ഉയര്‍ന്നിരുന്നു. മോദിയുടെ വിശ്വസ്തനായ ശക്തികാന്ത ദാസ് വെറും ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധനല്ലെന്നുമാണ് വാദം.

മുന്‍സാമ്പത്തിക സെക്രട്ടറിയായ ശക്തികാന്ത ദാസ് ധനകാര്യ മാനേജ്‌മെന്റ് സെക്രട്ടറിയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ മറുവാദം. ഗൂഗിളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ദാസിന്റെ വിദ്യാഭ്യാസയോഗ്യതയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കാലവധി തീരും മുന്‍പായിരുന്നു രഘു റാം രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചത്. ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിതമായ രാജി സാമ്പത്തികരംഗത്തുള്ളവരെ ആശങ്കപ്പെടുത്തിയിരുന്നു.

Top