ശബരിമല വിധി നടപ്പാക്കണം, ആവശ്യമെങ്കില്‍ പട്ടാളത്തെ ഇറക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളില്‍ അപലപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ശബരിമല വിധി നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണെന്ന് പ്രതിഷേധക്കാരെ അറിയിക്കണം. പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ കോടതിയില്‍ നിന്ന് കനത്ത പ്രഹരമേല്‍ക്കും. വിധി ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്, അത് നടപ്പാക്കുകയാണ് വേണ്ടത്. പൊലീസിന് പറ്റില്ലെങ്കില്‍ സംസ്ഥാനം കേന്ദ്രത്തോട് വിധി നടപ്പാക്കാന്‍ ആവശ്യപ്പെടണം. സായുധസേന നിയമം പ്രഖ്യാപിച്ചു കേരളത്തില്‍ വിധി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു കോഡ് കൊണ്ടുവന്നപ്പോള്‍ 1955ല്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായി, എന്നിട്ടും നിയമം നടപ്പാക്കി. ആര്‍ത്തവത്തില്‍ യാതൊരു പ്രശ്‌നവും ഇല്ല. ഉണ്ടെന്ന കാഴ്ചപ്പാട് ആദ്യം മാറ്റണം. ഏകീകൃത സിവില്‍ കോഡിന് വേണ്ടി തുടക്കം മുതല്‍ നിലപാട് എടുക്കുന്നയാളാണ് ഞാന്‍. ഈ വിധി അതിന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധിക്ക് എതിരായ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം പാര്‍ട്ടി നിലപാട് അല്ല. ആര്‍.എസ്.എസ് നിലപാട് മയപ്പെടുത്തിയിട്ടില്ല. എല്ലാവരോടും ചര്‍ച്ച നടത്തണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. ഇത് പാര്‍ട്ടി വിഷയം ആകാന്‍ പാടില്ല. പാര്‍ട്ടി രാമ ക്ഷേത്ര വിഷയത്തില്‍ പോലും നേരിട്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന ഒരു മതത്തിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നില്ല. അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഈ കേസില്‍ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണം. അയ്യപ്പന് കോപം വരും എന്ന് പറയുന്നത് എന്താടിസ്ഥാനത്തില്‍? അത് ആര്‍ക്ക് അറിയാം. പോകാത്തവര്‍ പോകണ്ട. പോകാന്‍ ആഗ്രഹിക്കുന്നവരെ എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Top