ബിഡിജെഎസ് പിളര്‍പ്പിലേക്ക്? സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലായിരുന്നു. വെള്ളാപ്പള്ളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്ന സുഭാഷ് വാസുവിനെ മാവേലിക്കര യൂണിയന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഈയടുത്ത് നീക്കിയിരുന്നു. രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യൂണിയന്‍ പിരിച്ച് വിട്ടത്. മാത്രമല്ല താലൂക്ക് യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

2018 ജൂലൈയിലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

Top