മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് സുഭാഷ് ബറാല

ന്യൂഡല്‍ഹി: മകന്റെ തെറ്റിന്റെ പേരില്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കില്ലെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല.

ബറാല ഇതുവരെ രാജിവച്ചിട്ടില്ലെന്നും ഇനി രാജിവയ്ക്കില്ലെന്നും ബിജെപി നേതാവ് അനില്‍ ജയ്ന്‍ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും ജയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍ ആരോപണവുമായി ഹരിയാനയിലെ ഐഎഎസ് ഓഫീസറുടെ മകളായ വര്‍ണിക കുണ്ഡു രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ചണ്ഡിഗഡ് നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യുവതിയെ വികാസും മറ്റൊരാളും ടാറ്റ സഫാരി വാഹനത്തില്‍ പിന്തുടരുകയായിരുന്നു. വികാസ് രണ്ടുതവണ യുവതിയുടെ വാഹനത്തെ മറികടന്ന് റോഡിനു കുറുകെ വാഹനം നിര്‍ത്താനും ഇടിപ്പിക്കാനും ശ്രമം നടത്തി. എന്നാല്‍ വാഹനം നിര്‍ത്താതെ യുവതി രക്ഷപ്പെടുകയായിരുന്നു.

യുവതി വിവരം നല്‍കിയതനുസരിച്ച് പോലീസ് വികാസിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ച കുറ്റം മാത്രമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

അതേസമയം വികാസ് യുവതിയെ പിന്തുടര്‍ന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്.

Top