ഛത്തീസ്ഗഢില്‍ വെടിവെയ്പ്; ഒരു സബ് ഇന്‍സ്പെക്ടറും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു

റായ്പുര്‍: മാവോയിസ്റ്റ് തിരിച്ചിലിനിടെ ഛത്തീസ്ഗഢിലുണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്‌കെ ശര്‍മയാണ് കൊല്ലപ്പെട്ടത്.

രാജേന്ദ്രഗാവ് ജില്ലയിലെ പര്‍ദോനിയിലെ വനമേഖലയില്‍ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് വെടിവെപ്പുണ്ടായത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചലിനിടെ പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിയുതിര്‍ത്തു, നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി രാജേന്ദ്രഗാവ് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു.

കൊല്ലപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ സിപിഐ(മാവോയിസ്റ്റ്) ഡിവിഷണല്‍,ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവരില്‍ നിന്നും എകെ47, ഒരു എസ്എല്‍ആര്‍, രണ്ട് റൈഫിളുകള്‍ എന്നിവ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top