ഇംഗ്ലണ്ടിന് വേണ്ടി 150 ടെസ്റ്റ് കളിക്കുന്ന മൂന്നാമത്തെ താരമായി ബ്രോഡ്

അഡ്‌ലെയ്ഡ്: രണ്ടാം ആഷസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാനിറങ്ങിയതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസ് ബൗളറായ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി 150 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്.

ജെയിംസ് ആന്‍ഡേഴ്‌സണ്‍ (167), അലസ്റ്റര്‍ കുക്ക് (161) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ റെക്കോഡ്‌ സ്വന്തമാക്കുന്ന പത്താമത്തെ മാത്രം താരമാണ് ബ്രോഡ്.

സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരമാണ് ബ്രോഡ് രണ്ടാം ആഷസില്‍ കളിക്കാനിറങ്ങിയത്. മാര്‍ക്കസ് ഹാരിസിന്റെ വിക്കറ്റെടുത്ത് ബ്രോഡ് വരവറിയിക്കുകയും ചെയ്തു. മത്സരത്തിന് മുന്‍പ് ബ്രോഡിന് പ്രത്യേക തൊപ്പി നല്‍കി ഇംഗ്ലണ്ട് ടീം ആദരിച്ചു.

ഇന്നത്തെ മത്സരമുള്‍പ്പെടെ ഇംഗ്ലണ്ടിന് വേണ്ടി 150 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബ്രോഡ് 525 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. 2007-ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

Top