മീന്‍ വിഭവങ്ങള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നെന്ന് പഠന റിപ്പോര്‍ട്ട്

ഡല്‍ഹി: മീന്‍ വിഭവങ്ങള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ മീന്‍ ഉപഭോഗം പത്തുവര്‍ഷത്തിനിടെ ഇരട്ടിയോളം കൂടിയതായാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എന്‍സിഎഇആര്‍ പഠനറിപ്പോര്‍ട്ട് പറയുന്നത്. 2011-2012ല്‍ ആളോഹരി ഏഴുകിലോ ആയിരുന്ന മീന്‍ ഉപയോഗം 2022-2023 ആയപ്പോഴേക്ക് 13 കിലോയായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ 105 ജില്ലകളില്‍ സര്‍വേ നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആളോഹരി ഉപഭോഗം കൂടിയെങ്കിലും അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കുറവാണ് ഇന്ത്യയിലേത് എന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ 2031-ഓടെ ഇന്ത്യയിലെ മീന്‍ ഉപഭോഗം ആളോഹരി 21 കിലോയ്ക്ക് മുകളിലെത്തുമെന്നുമെന്നാണ് പഠനറിപ്പോര്‍ട്ട് പ്രവചിക്കുന്നത്.മീന്‍ വാങ്ങാനായി ഇന്ത്യക്കാര്‍ ഒരുമാസത്തെ ഭക്ഷണച്ചെലവില്‍ 7.6 ശതമാനം തുകയാണ് 2011-2012ല്‍ ചെലവഴിച്ചത്. 2022-2023ല്‍ ഇത് 16.8 ശതമാനമായി ഉയര്‍ന്നു. വീടുകളില്‍ മാസം തോറുമുള്ള മീന്‍ ഉപഭോഗം 2.66 കിലോ ആയിരുന്നത് പത്തുവര്‍ഷംകൊണ്ട് അഞ്ചു കിലോയായി കൂടി.

കേരളത്തില്‍ മീന്‍ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. മീന്‍ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാമതുള്ളത് ലക്ഷദ്വീപ് ആണ്. ഇവിടെ ആളോഹരി ഉപഭോഗം 125 കിലോ ആണ്. ത്രിപുര -25.53 കിലോ , ഛത്തീസ്ഗഢ് -19.7 കിലോ, മണിപ്പുര്‍ -18.25 കിലോ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങള്‍. മീന്‍ ഉപഭോക്താക്കള്‍ ഏറ്റവും കുറവുള്ളത് രാജസ്ഥാനിലാണ്. ഇവിടെ 0.01 കിലോ മാത്രമാണ് ആളോഹരി ഉപഭോഗം.

 

Top