വാഷിങ്ടണ്‍: കൊവിഡ് വകഭേദം ‘ഡെല്‍റ്റ’ യുയര്‍ത്തുന്ന അപകടഭീഷണി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. ചിക്കന്‍ പോക്‌സ് പോലെ, അത്രയും വേഗതയില്‍ പടരുന്ന വൈറസ് വകഭേദമാണ് ‘ഡെല്‍റ്റ’ എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ ‘സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ (സിഡിസി) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ല്‍ ആണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
വാക്‌സിന്‍ ഡോസ് മുഴുവന്‍ സ്വീകരിച്ചവരില്‍ പോലും ‘ഡെല്‍റ്റ’ എത്താമെന്നും മറ്റുള്ളവരെ പോലെ തന്നെ ഇവരിലൂടെയും വൈറസ് കാര്യമായി പകരുമെന്നം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കുമെന്നും അതുമൂലം ആശുപത്രി പ്രവേശനത്തിന്റെ സാധ്യതയും കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
‘സാര്‍സ്, എബോള പോലുള്ള രോഗങ്ങളെക്കാള്‍ വേഗതയില്‍ ഡെല്‍റ്റ വകഭേദം കൊവിഡ് പടര്‍ത്തും. ഇതിനെ നിലവില്‍ താരതമ്യപ്പെടുത്താനാവുക ചിക്കന്‍ പോക്‌സ് വൈറസുമായാണ്. അത്രയും എളുപ്പത്തില്‍ ഇത് രോഗം കൈമാറ്റം ചെയ്യുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് രോഗം തീവ്രമാകാനുള്ള സാധ്യതകളും ഏറെയാണ്.’ റിപ്പോര്‍ട്ട് പറയുന്നു.