വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവര്‍ ആരും മരിച്ചിട്ടില്ലെന്ന് എയിംസ് പഠനം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവര്‍ ആരും തന്നെ മരിച്ചിട്ടില്ലെന്ന് പഠനം. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) പഠന റിപ്പോര്‍ട്ടിലാണ് ആശ്വാസകരമാകുന്ന പഠനം. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നതിനാണ് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനിടെ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളെക്കുറിച്ച് നടത്തിയ ആദ്യ ജിനോമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രില്‍, മെയ് മാസത്തിലാണ് എയിംസ് ആദ്യ പഠനം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്കും രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിക്കുന്ന ബ്രേക് ത്രൂ വ്യാപനത്തെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിലാണ് ആശ്വാസ കണ്ടെത്തല്‍.

പൂര്‍ണമായും വാക്‌സിന്‍ കുത്തിവച്ചവരില്‍ ഒരു ചെറിയ ശതമാനം പേര്‍ രോഗബാധിരാകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കൊവിഡ് ബാധിച്ച് മരിക്കുകയോ ചെയ്‌തേക്കാമെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 36 പേര്‍ 2 ഡോസ് വാക്‌സിനും 27 പേര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇതില്‍ 53 പേര്‍ കോവാക്‌സിനും 10 പേര്‍ കോവിഷീല്‍ഡുമാണ് എടുത്തത്.

 

Top