ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ കൊറോണ വൈറസ് നശിക്കില്ലെന്ന് പഠനം

വാഷിങ്ടന്‍: ഉത്തരാര്‍ധ ഗോളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില കൊറോണ വൈറസ് വ്യാപനത്തെ തടയില്ലെന്ന് പഠനം. യുഎസിലെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയുടെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കാലാവസ്ഥയും കൊറോണ വൈറസ് വ്യാപനവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പല പഠനങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ചൂടുകൂടിയ, ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ വൈറസ് പതുക്കെയേ പടരുകയുള്ളൂവെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടികാട്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല. പ്രിന്‍സ്റ്റന്‍ സര്‍വകലാശാല നടത്തിയ പഠനവും കൊറോണയും കാലാവസ്ഥയും തമ്മിലുള്ള ബന്ധം പൂര്‍ണമായി തള്ളിക്കളയുന്നില്ല. എന്നാല്‍ കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഈര്‍പ്പവും ചൂടുമുള്ള അന്തരീക്ഷത്തിലും വൈറസിന്റെ വ്യാപനം ശക്തമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വേനല്‍ക്കാലത്തിന് വൈറസ് വ്യാപനം തടഞ്ഞുനിര്‍ത്താനാവില്ല. ബ്രസീല്‍, ഇക്വഡോര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ഈ ഘട്ടത്തില്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കാലാവസ്ഥയ്ക്കു കഴിയില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ശക്തമായ നിയന്ത്രണ നടപടികളോ ഫലപ്രദമായ വാക്സിനോ ഇല്ലെങ്കില്‍ ലോകജനതയുടെ വലിയൊരു ഭാഗത്തെയും കൊറോണ വൈറസ് ബാധിക്കുമെന്നു ഗവേഷകര്‍ മുന്നിറിപ്പു നല്‍കി.

അടുത്ത ഘട്ടത്തില്‍ ചിലപ്പോള്‍ ഒരു പ്രത്യേക സീസണിലാവാം വൈറസ് വ്യാപനമുണ്ടാകുകയെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. മുമ്പ് കൊറോണയ്ക്കു സമാനമായ ചില വൈറസുകള്‍ പ്രത്യേക സീസണുകളിലാണ് കൂടുതലായി പടര്‍ന്നിരുന്നത്. അതിനാല്‍ തന്നെ കൊറോണ വൈറസും ആ തരത്തില്‍ ശൈത്യകാല വൈറസായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

Top