ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലത്തേക്ക് പ്രതിരോധം നല്‍കിയേക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഓക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിന്‍ ജീവിതകാലത്തേക്ക് പ്രതിരോധം നല്‍കിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നത് കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതിനു പുറമേ, പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ ‘പരിശീലന ക്യാമ്പുകള്‍’ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കും. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അഡെനോവൈറസ് അധിഷ്ഠിതമായ ഓക്സ്ഫഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനുകള്‍ക്ക് ഈ സവിശേഷത ഉണ്ടെന്നും പഠനം പറയുന്നു.

Top