കോവിഡ് ബാധിച്ചവരില്‍ എട്ട് മാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്ന് പഠനം

റോം: കോവിഡ് ബാധിച്ചവരുടെ രക്തത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡികള്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനില്‍ക്കുമെന്ന് ഇറ്റാലിയന്‍ ഗവേഷകരുടെ പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

കഴിഞ്ഞ വര്‍ഷം കോവിഡ് തുടങ്ങിയ സമയത്ത് രോഗം ബാധിച്ച എത്തിയ 162 രോഗികളെയാണ് ഇവര്‍ ഗവേഷണത്തിന് വിധേയരാക്കിയത്. ഇവരില്‍നിന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും നവംബര്‍ അവസാനവും രക്തസാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്. ഇതില്‍ 29 പേര്‍ പിന്നീട് മരിച്ചിരുന്നു.രോഗത്തിന്റെ കാഠിന്യം, രോഗികളുടെ പ്രായം, രോഗലക്ഷണങ്ങള്‍ എന്നിവയൊന്നും ആന്റിബോഡി നിലനില്‍ക്കുന്നതിന് തടസ്സമായില്ലെന്നും മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പഠനം നടത്തിയവരില്‍ 57 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള രോഗങ്ങള്‍ നേരത്തെയുണ്ട്. പ്രായം 63 ആയിരുന്നു. രോഗനിര്‍ണയം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മൂന്ന് രോഗികളില്‍ ഒഴികെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായി. രോഗം ബാധിച്ച് ആദ്യ 15 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് കോവിഡിെന്റ പ്രശ്‌നങ്ങള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

Top