ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞുതാഴുന്നു; 2050ല്‍ കുടിവെള്ളം സ്വര്‍ണ്ണത്തേക്കാള്‍ അമൂല്യം!

പകടമണി മുഴക്കി ഹിന്ദുകുശ് ഹിമാലയന്‍ മേഖലയിലെ എട്ട് പട്ടണങ്ങളിലെ വെള്ളത്തിന്റെ ലഭ്യത. ഈ പട്ടണങ്ങളിലെ വെള്ളത്തിന്റെ തോത് കുറഞ്ഞാല്‍ നമ്മളെന്തിന് ഭയക്കണമെന്ന ചോദ്യം സ്വാഭാവികം. കാരണം ഈ മേഖലയാണ് ഏഷ്യയിലെ ജല ടവറുകള്‍ എന്നറിയപ്പെടുന്നത്. ഡിമാന്‍ഡ്‌സപ്ലൈ വ്യത്യാസം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കൂടുതല്‍ കടുപ്പമാകുകയും 2050 ആകുന്നതോടെ കടുത്ത പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

20% മുതല്‍ 70% വരെയാണ് സര്‍വ്വെ നടത്തിയ പട്ടണങ്ങളിലെ ഡിമാന്‍ഡ്‌സപ്ലൈ വ്യത്യാസം. ഇന്ത്യയിലെ മുസോറി, ദേവ്പ്രയാഗ്, സിംഗ്താം, കാലിംപോംഗ്, പാകിസ്ഥാനിലെ ഹവേലിയന്‍, മൂറീ, നേപ്പാളിലെ ദമൗലി, താന്‍സെന്‍ എന്നിവിടങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണെങ്കില്‍ 2050 ആകുന്നതോടെ ഈ വ്യത്യാസം ഇരട്ടിയാകുമെന്ന് വാട്ടര്‍ പോളിസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

മുസോറിയില്‍ പ്രതിദിനം 9.1 മില്ല്യണ്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണ്‍ ആകുമ്പോള്‍ ഇത് 14.4 മില്ല്യണ്‍ ലിറ്ററായി ഉയരും. മുസോറിയിലെ പ്രാദേശിക ആവശ്യം 6.9 മില്ല്യണ്‍ ലിറ്ററാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മുസോറിയും, ദേവപ്രയാഗും മുനിസിപ്പല്‍ ജലവിതരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദേവപ്രയാഗില്‍ 44% വീടുകളും ഗംഗയില്‍ നിന്നും വെള്ളം എടുക്കുന്നു.

ടൂറിസം സീസണ്‍ എത്തിച്ചേരുന്നതോടെയാണ് വെള്ളത്തിന്റെ ആവശ്യം ഉയരുന്നതും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നത്. ടൂറിസ്റ്റുകള്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒഴുകിയെത്തുമ്പോള്‍ പ്രദേശവാസികളുടെ വീടുകളിലെ ടാപ്പുകളില്‍ ഒരു തുള്ളി വെള്ളം വരാത്ത അവസ്ഥയുണ്ട്. നിലവില്‍ ടൂറിസം സീസണില്‍ മാത്രമുള്ള അവസ്ഥ ഹിമാലയന്‍ പട്ടണങ്ങളില്‍ പതിവ് കാര്യമായി മാറുന്ന അവസ്ഥ വിദൂരമല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

Top