ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മുഖ്യപ്രതി ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

dhanysree

ബെംഗളൂരു: സംഘപരിവാര്‍ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണ്ണാടകയില്‍ ചിക്മംഗളൂരിലാണ് സംഭവം.

ധന്യശ്രീ എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിലാണു ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ, ഇതേ കേസില്‍ യുവമോര്‍ച്ച നേതാവ് എം.വി.അനില്‍ അറസ്റ്റിലായിരുന്നു.

ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ ധന്യശ്രീ മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു.

ഇതിനു പിന്നാലെ സന്തോഷ് എന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചിരുന്നു. മകള്‍ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ചോദിച്ചാണ് ആദ്യം ഭീഷണി വന്നതെന്ന് ധന്യശ്രീയുടെ അമ്മ സരസ്വതി സുവര്‍ണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണികളായിരുന്നുവെന്നും മകളെ നിയന്ത്രിക്കാനും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടില്‍ നേരിട്ടെത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ധന്യശ്രീയുടെ അമ്മയുടെ പരാതിയില്‍ സൂചിപ്പിക്കുന്നു

കഴിഞ്ഞ ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തനിക്ക് ഈ അപമാനം ഇനിയും താങ്ങാന്‍ സാധിക്കുന്നില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും, അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നുമുള്ള ആത്മഹത്യാ കുറിപ്പ് ധന്യശ്രീയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു.Related posts

Back to top