വീടൊരു വിദ്യാലയമാകുന്നു; വിദ്യാര്‍ത്ഥികള്‍ ഇന്ന്മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്

കോവിഡ് ഭീതിക്കിടയില്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമാവാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ക്ലാസുകളില്‍ പങ്കാളികളാകാം.

രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ടിവി ലാപ്‌ടോപ്, മൊബൈല്‍ സ്‌ക്രീനുകളില്‍ ലഭ്യമാകുന്ന ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഒന്നാം ക്ലാസുകാരുടെ മുഴുവന്‍ കുടുംബാംഗങ്ങളും കുരുന്നുകള്‍ക്കൊപ്പം ക്ലാസുകള്‍ കേള്‍ക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.

പ്ലസ് ടുവിനുള്ള നാല് വിഷയവും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയം വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റ് വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയാണ്.

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‌വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളില്‍ ലഭിക്കും. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പര്‍. മറ്റ് ഡിടിഎച്ചുകളിലും ചാനല്‍ ഉടന്‍ ലഭ്യമാക്കും. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാവേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ടിവിയോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാത്ത 2.5 ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്കും ഒരു ക്ലാസ് പോലും നഷ്ടമാകില്ല. ഇവരുടെ വീട്ടിലോ പരിസരത്തെ വായനശാല, അങ്കണവാടി എന്നിവിടങ്ങളിലോ പഠന സൗകര്യം ഉറപ്പാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്, 7000 പ്രൊജക്ടര്‍, 4545 ടെലിവിഷന്‍ എന്നിവ ഇതിനായി ഉപയോഗിക്കും. പുതിയ തുടക്കം എന്നതിനാല്‍ ആദ്യ ആഴ്ച പരീക്ഷണ അടിസ്ഥാനത്തിലാകും ക്ലാസ്. ഇത് സ്‌കൂളുകള്‍ക്കോ അധ്യാപകര്‍ക്കോ ബദല്‍ അല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും facebook.com/victerseduchannel പേജിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യും. ക്ലാസ് തീര്‍ന്ന ഉടന്‍ youtube.com/itsvicters യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്കും അതത് സമയം കേള്‍ക്കാനാകാത്തവര്‍ക്കും ഈ ലിങ്കുകള്‍ പ്രയോജനപ്പെടുത്താം.

വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും അവരവരുടെ വീട്ടിലിരുന്ന് ക്ലാസുകള്‍ കേള്‍ക്കും. ക്ലാസ് കഴിഞ്ഞ ഉടന്‍ പാഠഭാഗം യുട്യൂബിലും നവമാധ്യമങ്ങളിലും ലഭ്യമാകും. രാത്രിയും ശനി, ഞായര്‍ ദിനങ്ങളിലും പുനഃസംപ്രേഷണവും ഉണ്ടാകും. പാഠവുമായി ബന്ധപ്പെട്ട സംശയങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അതത് സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യും. നവമാധ്യമങ്ങളുടെയും നവീന സാങ്കേതിക വിദ്യയുടെയും സഹകരണത്തോടെ കുട്ടികള്‍ പഠന പ്രക്രിയയില്‍ സജീവമാകുന്നെന്ന് ഉറപ്പാക്കും. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ആദ്യ ഒരാഴ്ച പരീക്ഷണ അടിസ്ഥാനത്തിലാണ് ക്ലാസ്. തിങ്കളാഴ്ചയിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ എട്ടിന് വീണ്ടും സംപ്രേഷണംചെയ്യും.

കോവിഡ് പശ്ചാത്തലത്തില്‍ കോളേജുകളിലും തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും. രാവിലെ 8.30ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിലൂടെ ലൈവ് ക്‌ളാസ് നടത്തി മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചൈയ്യും. ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജിലും മറ്റുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് അവസാനിക്കുന്ന രീതിയില്‍ അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്‌ളാസുകളെടുക്കും. ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസുകള്‍ കൈകാര്യം ചെയ്യും.

Top