തലയെണ്ണി ഒപ്പിക്കല്‍ ഇനി നടക്കില്ല! ബയോമെട്രിക് ഹാജര്‍ രീതി വരുന്നു

തിരുവനന്തപുരം: അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാന്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന. കുട്ടികളുടെ കണക്കെടുത്ത് അതിന്റെ മാത്രം അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയിക്കുന്ന രീതിയാണ് പരിഷ്‌കരിക്കുന്നത്. കണക്കെടുപ്പിനുശേഷം മറ്റു സ്‌കൂളിലേക്കു കുട്ടികള്‍ പോകുന്നതു കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതിയ നിയമനം നടത്തുന്നതിനും നിലവിലെ തസ്തികകള്‍ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്നത്. നിലവിലെ സൂപ്പര്‍ ചെക് സംവിധാനം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മേഖലകളിലായി രണ്ട് ഓഫിസുകളാണു സൂപ്പര്‍ ചെക് വിഭാഗത്തിന് ഇപ്പോഴുള്ളത്. ഒരു ഡെപ്യൂട്ടി സെക്രട്ടറിയും അസി. സൂപ്പര്‍ ചെക് ഓഫിസറും രണ്ട് ക്ലര്‍ക്കുമാരും അടങ്ങുന്നതാണ് ഒരു മേഖലാ ഓഫിസ്. ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താന്‍ കഴിയുന്നില്ല. പരാതി ലഭിക്കുന്ന സ്‌കൂളുകളില്‍ മാത്രമാണു പരിശോധന.

കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു നിരന്തരം പരിശോധന നടത്തി ക്രമക്കേടുകള്‍ തടയാനാകും. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്. ഒരു കുട്ടി വര്‍ധിച്ചാല്‍പോലും തസ്തിക സൃഷ്ടിക്കുന്ന രീതി മാറണമെന്നും സര്‍ക്കാര്‍ അറിഞ്ഞുമാത്രമേ തസ്തിക സൃഷ്ടിക്കാന്‍ അനുവദിക്കൂ എന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍പി സ്‌കൂളില്‍ ഒരു അധ്യാപകന് 45 കുട്ടികളും യുപിയില്‍ 35 കുട്ടികളുമാണ്. ഈ അനുപാതത്തെക്കാള്‍ ഒരു കുട്ടി കൂടുതലുണ്ടെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എഇഒ, ഡിഇഒ അംഗീകരിച്ചാല്‍ തസ്തികയായി. ഈ ഓഫിസുകള്‍ കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭയുടെ അനുമതി വേണമെന്ന വ്യവസ്ഥകളും കൊണ്ടുവന്നേക്കും. സര്‍ക്കാര്‍ നീക്കത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചൊവ്വാഴ്ച യോഗം ചേരും.

Top