ജെ.എന്‍.യു സംഭവം;പൊളിച്ചവര്‍ തന്നെ നഷ്ടം നികത്തണം: രജിസ്ട്രാര്‍

ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തമ്മിലടിയില്‍ യൂണിവേഴ്‌സിറ്റിക്ക് കനത്ത നഷ്ടമുണ്ടായെന്ന് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍. വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ നേരിട്ട നഷ്ടം വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ക്യാംപസില്‍ ഇടത്, എബിവിപി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി പുറമെ നിന്നുള്ളവരെ എത്തിച്ച് പോരാട്ടം നടത്തിയതോടെയാണ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ തകര്‍ത്തത്.

‘അക്രമത്തില്‍ വലിയ നഷ്ടമാണ് ക്യാംപസിന് സംഭവിച്ചത്. നശിപ്പിക്കല്‍ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി, നഷ്ടം ഇവരില്‍ നിന്നും തിരിച്ചുപിടിക്കും. യൂണിവേഴ്‌സിറ്റി തുറന്ന ഇടമാണ്. ക്യാംപസില്‍ സ്വതന്ത്ര സഞ്ചാരം അനുവദിക്കാനാണ് ആഗ്രഹം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ അന്വേഷിക്കട്ടെ. ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ രണ്ടു വിഭാഗങ്ങളായി കാണുന്നില്ല’, രജിസ്ട്രാര്‍ വ്യക്തമാക്കി.

വിന്റര്‍ സെമസ്റ്ററിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ പറഞ്ഞു. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ സെമസ്റ്ററുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ട്, കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന അക്രമങ്ങളുടെ പേരില്‍ വിഷയം കൈകാര്യം ചെയ്തതില്‍ വിസിക്ക് വീഴ്ച പറ്റിയെന്ന് ആരോപണങ്ങള്‍ ഉയരുന്നതിന് ഇടെയാണ് ജഗദേഷ് കുമാര്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

പോലീസിനെ വിളിച്ചുവരുത്തിയാണ് ക്യാംപസിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് വിസി പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്ക് നേരെയും അക്രമണം നടന്നതോടെ വിസി രാജിവെയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇടത്, എബിവിപി വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചതിന്റെ അടുത്ത ഘട്ടമായാണ് ഇരുവിഭാഗവും പുറമെ നിന്നും ആളുകളെ എത്തിച്ചതെന്ന് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Top