പാത്രം കഴുകാനും അധ്യാപകനെ മസാജ് ചെയ്യാനും വിദ്യാര്‍ത്ഥികള്‍; വീഡിയോ വൈറല്‍

ബരിപാട: സ്‌കൂളില്‍ കുട്ടികള്‍ പോകുന്നത് പഠിക്കാനും കളിക്കാനും അവരുടേതായ ഒരു ലോകം പടുത്തുയര്‍ത്താനുമാണ്.

എന്നാല്‍ ഒഡീഷയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് അധ്യാപകന്‍ ചെയ്യിപ്പിക്കുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്‌കൂളിലെ രബീന്ദ്ര കുമാര്‍ ബെഹ്‌റ എന്ന അധ്യാപകന്‍ കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്.

സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതലയും ഇയാളാണ് കൈകാര്യം ചെയ്യുന്നത്. ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം.

ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വെച്ച് മസാജ് ചെയ്യിപ്പിക്കുന്നുവെന്നും വ്യക്തമാകുന്നുണ്ട്. ഇത്തരത്തില്‍ മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്.

അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിന് തടസ്സം വരുത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കുട്ടികള്‍ വ്യക്തമാക്കി.

ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.

സ്‌കൂള്‍ പ്രധാന അധ്യാപകനോട് ഇതേ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള സ്‌കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്.

സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിന്ധു ബെഹ്‌റ പറഞ്ഞു.

Top