എബിവിപിയെ തിരിഞ്ഞ് കൊത്തി വിദ്യാര്‍ത്ഥികള്‍; യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം

abvp

അഹമ്മദാബാദ്: വാരണാസിക്ക് ശേഷം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലും പരാജയം ഏറ്റുവാങ്ങി എബിവിപി.

വിവിധ സംഘടനകളിലായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രരാണ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

ഇടത് വിദ്യാര്‍ത്ഥി സഖ്യം, ബാപ്‌സ, എന്‍എസ്‌യു ഐ, ഒബിസി വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നിവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് എബിവിപി തകര്‍ന്നടിഞ്ഞത്.

മാത്രമല്ല, എബിവിപിക്കെതിരെ ശക്തമായ പ്രചരണമാണ് ഈ സംഘടനകള്‍ ഒന്നിച്ചു നടത്തിയത്. രണ്ടു ദിവസം നീണ്ടു നിന്ന ധര്‍ണയും വന്‍ വിജയമായിരുന്നു.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നിവിടങ്ങളിലടക്കം വന്‍ ഭൂരിപക്ഷത്തിലാണ് എബിവിപിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

എന്നാല്‍, ലിംഗ്‌ധോ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമല്ല ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ തിരഞ്ഞെടുപ്പ് നടന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എബിവിപിയുടെ പരാജയം ബിജെപിക്കും വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും എബിവിപിയുടെ സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും, എതിര്‍ത്ത് സംസാരിക്കുന്നവരെ നിശബ്ദരാക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന എബിവിപിയുടെ പ്രവര്‍ത്തനങ്ങളോട് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി മറുപടി നല്‍കുന്നതിന്റെ തുടക്കമാണ് ഈ വിജയമെന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

Top