വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

 

കോട്ടയം: അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി കെ കാര്‍ത്തിക്. ഈ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയില്‍ അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചര്‍ച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും പൂര്‍ണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാര്‍ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.

കേസ് കോട്ടയം എസ് പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാര്‍ത്ഥികള്‍ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ മായയെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകള്‍ നല്‍കിയാണ് മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും പരിഹാരം ആയില്ലെങ്കിലും മന്ത്രിമാര്‍ ഇടപെട്ടതോടെ സമരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Top