ജെ.എന്‍.യു സംഭവം മുംബൈയിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു

മുംബൈ: ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ രണ്ടുദിവസമായി നടത്തിവന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ജെഎന്‍യുവില്‍ അക്രമം നടന്നതിന് പിന്നാലെ രാജ്യത്ത് തുടങ്ങിയ ആദ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് ഇന്ന് അവസാനിപ്പിച്ചത്. സമരം ഗേറ്റ് വേ ഓഫ് ഇന്ത്യാ പരിസരത്ത് നിന്ന് ആസാദ് മൈതാനത്തേക്ക് പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലകൂടി പരിഗണിച്ചാണ് പിന്നാലെ സമരം അവസാനിപ്പിച്ചത്.

സമരക്കാര്‍ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പ്ലക്കാര്‍ഡുയര്‍ത്തിയ ദൃശ്യം വിവാദമായിരുന്നു. ഇത് രാജ്യദ്രോഹമാണെന്നും ഉദ്ദവ് താക്കറെ എന്ത് നടപടിയെടുക്കുമെന്നും ചോദിച്ച് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്രം ഹനിക്കുന്നതിനെയാണ് പോസ്റ്ററില്‍ ഉദ്ദേശിക്കുന്നതെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ഇന്നലെ രാത്രി ബാന്ദ്രയില്‍ പ്രതിഷേധിച്ചിരുന്നു. പൗരത്വനിയമഭേദഗതിക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ സിനിമാതാരങ്ങളെ കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പ്രമുഖര്‍ ആരും എത്തിയിരുന്നില്ല.

Top