എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടി,98.11% കുട്ടികള്‍ക്ക് വിജയം

plus two

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയം. നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. 4,26,513 പേരാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. വിജയ ശതമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും കുറവ് വയനാടുമാണ്. കുട്ടനാടാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. ഗള്‍ഫിലെ സ്‌കൂളുകളില്‍ 495 പേര്‍ പരീക്ഷയെഴുതിയതില്‍ 489 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 681 പേരില്‍ 599 പേരും വിജയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലൂടെയാണ് ഫലം അറിയാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണയം നടത്തിയത്.

710 എയ്ഡഡ് സ്‌കൂളുകളില്‍ നൂറുശതമാനം വിജയം ലഭിച്ചപ്പോള്‍ 319 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.ഈ മാസം 20 മുതല്‍ 25 വരെയാണ് സേ പരീക്ഷ നടക്കുന്നത്. പരമാവധി മൂന്നു വിഷയങ്ങള്‍ സേ പരീക്ഷയില്‍ എഴുതാം.

ഫലം ഈ വെബ്‌സൈറ്റുകള്‍ വഴി അറിയാം: http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in. ‘സഫലം 2019’, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Saphalam 2019’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേസമയം, ഇത്തവണ മോഡറേഷന്‍ നല്‍കിയില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം 8 ന് രാവിലെ 11 ന് പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.

Top