കേരള വര്‍മ്മയെ മുന്‍ നിര്‍ത്തി പ്രതിപക്ഷവും മാധ്യമങ്ങളും നുണ പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍. ഒരു പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയ്ക്കും പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ എസ്.എഫ്.ഐയുടെ ഒപ്പമെത്താനുള്ള മികവ് ഇല്ലന്നാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷം സീറ്റുകളിലെയും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ ഭൂരിപക്ഷം ഇത് സാക്ഷ്യപെടുത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ മികവും സഹതാപവും കൊണ്ടാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ വോട്ട് നേടാന്‍ കെ.എസ്.യുവിന് കഴിഞ്ഞതെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ ആ സീറ്റിലും ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും എസ്.എഫ്.ഐ ആണ് വിജയിച്ചത് എന്ന കാര്യത്തിലും ബഹുഭൂരിപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഒരു തര്‍ക്കവുമില്ല.

എസ്.എഫ്.ഐക്ക് ജയിക്കാന്‍ ‘കറണ്ട്’ പോകണമെന്നുള്ള പ്രതിപക്ഷ – മാധ്യമ പ്രചരണങ്ങളെയും ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തള്ളിക്കളഞ്ഞു. കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എല്ലാ മേഖലകളിലും വൈദ്യുതി തടസ്സം നേരിട്ടതായും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തി. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐക്ക് ജയിക്കാന്‍ കറന്റ് പോകേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാധ്യമങ്ങള്‍ എല്ലാകാലത്തും എസ്.എഫ്.ഐയെ താഴ്ത്തി കാട്ടാനുള്ള പ്രചാരണങ്ങളാണ് നടത്താറുള്ളത്, ഇതും അതിന്റെ ഭാഗമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത്തരം വില കുറഞ്ഞ പ്രതിപക്ഷ, – മാധ്യമ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരിക്കുന്നത്.

അടിസ്ഥാനവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണ് എന്നും കേരള വര്‍മ്മ കോളേജ് ഉയര്‍ത്തിപിടിക്കുന്നതെന്നും , അതുകൊണ്ടാണ് കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയെ നെഞ്ചേത്തുന്നതെന്നുമാണ് പ്രതികരണം. വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് എല്ലാകാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത് എസ്.എഫ്.ഐയാണ് എന്നത് കേരള വര്‍മ്മയിലെ ഉദാഹരണങ്ങള്‍ സഹിതമാണ് ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നത്. പാവപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഓരോ ഇടപെടലുകളും എണ്ണിയെണ്ണി പറഞ്ഞാണ് ന്യായീകരണം.

കെ. എസ്. യു ഉള്‍പ്പടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ഇലക്ഷന്‍ കാലത്ത് പൊട്ടിമുളക്കുന്ന ഇയ്യാമ്പാറ്റകള്‍ ആണെന്നും വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കോളേജിനോ വിദ്യാര്‍ത്ഥികള്‍ക്കോ വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ എസ്.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുക മാത്രമാണ് മറ്റു സംഘടനകളുടെ ജോലിയെന്നും ഭൂരിപക്ഷ വിദ്യാര്‍ത്ഥികളും പറയുന്നു. ഇലക്ഷന്‍ ആകുമ്പോഴാണ് ചില സംഘടനകളൊക്കെ ക്യാംപസില്‍ ഉണ്ടെന്ന് മനസ്സിലാകുന്നതെന്നും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ, പരിഹാസ രൂപേണെയാണ് വിമര്‍ശിച്ചിരിക്കുന്നത്. ( എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണങ്ങള്‍ കാണുക).

Top