പൗരത്വ നിയമം; വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. പൗരത്വനിയമഭേദഗതിക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ, അത് ഏറ്റെടുക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സമരത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് നേട്ടമായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങള്‍ കേരള മോഡല്‍ ഏറ്റെടുത്തെന്നും സിപിഎം സിസി വിലയിരുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളില്‍ കേരളം ബംഗാള്‍ ത്രിപുര എന്നിവിടങ്ങളില്‍ സിപിഎം മുന്നിലെത്തിയെന്നാണ് വിലയിരുത്തല്‍.

കേരളത്തോട് കേന്ദ്രസര്‍ക്കാരിന് പലതലങ്ങളില്‍ അവഗണനയാണെന്ന് നേതാക്കള്‍ ആരോപിച്ചു, പല കാര്യങ്ങളിലും സംസ്ഥാനത്തെ ഞെരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

Top