ക്യാമ്പസില്‍ കേന്ദ്രസേനയെ വിന്യസിച്ചു; ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ക്യാമ്പസില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചതിനെതിരെ ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണനയെന്ന്‌പൊലീസ് അറിയിച്ചു.

രാവിലെ ജെഎന്‍യുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. വിദ്യാര്‍ഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും പിന്നെയും കൂട്ടമായി വന്ന് ധര്‍ണ നടത്തുകയായിരുന്നു. കൃത്യമായി ഉറപ്പുലഭിക്കാതെ ധര്‍ണയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്.പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.

ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ വാദിക്കുന്നു.

സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും അധികൃതര്‍ പറയുന്നു.

Top