സംഘര്‍ഷം: കുറ്റിപ്പുറം എംഇഎസ് കോളേജില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍ ഉത്തരവ്

HIGH-COURT

കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജില്‍ സംഘര്‍ഷം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഉത്തരവിട്ടത്. അഞ്ചു വര്‍ഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2019 മാര്‍ച്ച് 20ന് രണ്ടു വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിട്ടും പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ പുറത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും ഇവര്‍ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നുവെന്നും പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ഹോസ്റ്റലിലേക്ക് മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ഥിച്ചു.

കോളേജില്‍ മെക്കാനിക്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കുന്നത് ഭയപ്പെടുത്തുന്നവെന്ന് കോടതി പറഞ്ഞു. കോളേജില്‍ സമാധാനാന്തരീക്ഷം തകരുമെന്ന് തോന്നിയാല്‍ പൊലീസിന് കോളേജില്‍ പ്രവേശിച്ച് നടപടിയെടുക്കാമെന്നും അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

Top