അഡ്മിഷന്‍ സമയത്ത് സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യണം; ഗവര്‍ണര്‍

കൊച്ചി: സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തു തന്നെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. നമ്മുടെ സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടര്‍ക്കഥയായ സന്ദര്‍ഭത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു. ഉപവാസത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സര്‍ക്കാരിനെതിരേയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും എതിരായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 

Top