വിദ്യാര്‍ത്ഥികള്‍ എത്തിയില്ല. . .കശ്മീരില്‍ ഇന്ന് തുറന്ന 95 സ്‌കൂളുകളും ഒഴിഞ്ഞു കിടക്കുന്നു

ശ്രീനഗര്‍: കനത്ത സുരക്ഷാ സംവിധാനങ്ങള്‍ നിലവിലിരിക്കെ കശ്മീരില്‍ ഇന്ന് 95 സ്‌കൂളുകള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ കുറവിനെ തുടര്‍ന്ന് അധ്യയനം മുടങ്ങി.

ശ്രീനഗറിലെ 190 സ്‌കൂളുകള്‍ തുറക്കുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ 95 പ്രൈമറി സ്‌കൂളുകള്‍ മാത്രമാണ് ഇന്ന് തുറന്നത്. എന്നാല്‍, ഈ സ്‌കൂളുകളിലും വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.

അതേസമയം, ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് ശ്രീനഗറില്‍ തിരിച്ചെത്തിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലായി 304 തീര്‍ഥാടകരാണ് തിരിച്ചെത്തിയത്. മേഖലയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റാണ് ലഭ്യമാക്കിയിരിക്കുന്നത്. അഭ്യൂഹങ്ങള്‍ പരക്കുന്നത് തടയുവാനാണ് 4ജി സേവനങ്ങള്‍ പുനഃസ്ഥാപിക്കാതിരിക്കുന്നതെന്ന് ജമ്മു ഡിവിഷണല്‍ കമീഷണര്‍ സജ്ജീവ് വര്‍മ അറിയിച്ചു.

ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ 2ജി വേഗതയിലുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ചില ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ഇത് വീണ്ടും റദ്ദാക്കിയിരുന്നു.

Top