ആ വിദ്യാര്‍ത്ഥികളെ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ച് ഡല്‍ഹി പൊലീസ്‌

ലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ്‌ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ സ്ഥിതിചെയ്യുന്ന സര്‍വോദയ ബാല്‍ വിദ്യാലയത്തിലാണ് പൊലീസിന്റെ ഈ മാതൃകാപരമായ നടപടി. കഴിഞ്ഞ ആഴ്ച നടന്ന കലാപങ്ങളില്‍ നാല്‍പ്പതിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ബോര്‍ഡ് പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്തവരുടെ പട്ടിക നല്‍കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിക്ക് മറ്റൊരു തീയതിയില്‍ പരീക്ഷ നടത്താമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ‘ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഹാജരാകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലമാണ് ഇത്തരം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റാന്‍ നിശ്ചയിച്ചത്’, സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫെബ്രുവരി 28, 29 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ നേരത്തെ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങള്‍ അവസാന ഘട്ടത്തില്‍ മാറ്റുന്നത് നടപ്പുള്ള കാര്യമല്ലാത്തതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മേഖലയില്‍ കലാപം കെട്ടടങ്ങിയെങ്കിലും നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി തുടരുകയാണ്. ഗോകല്‍പുരി, ശിവ് വിഹാര്‍ മേഖലകളിലെ ഓടകളിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പ്രദേശത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്.

Top