ഉത്തരക്കടലാസ് തിരുത്തിയ സംഭവം; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന്

കോഴിക്കോട്: കോഴിക്കോട് ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് നിര്‍ദ്ദേശം. സേ പരീക്ഷയ്‌ക്കൊപ്പം വീണ്ടും പരീക്ഷ എഴുതണമെന്നാണ് നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

സംഭവത്തില്‍ മൂന്നു അദ്ധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ റസിയ, പരീക്ഷ എഴുതിയ അദ്ധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, അദ്ധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന 4 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിനാല്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചീഫ് സൂപ്രണ്ട് കെ.റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ പി.കെ ഫൈസല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും എഴുതിക്കൊടുക്കുകയും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നുമാണ് കണ്ടെത്തിയത്.

അതേസമയം, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന സംശയത്തില്‍ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്പെന്‍ഷനിലായ അധ്യാപകന്‍ വ്യക്തമാക്കിയത്.

Top