ജെ എന്‍ യു അറസ്റ്റിലായ അധ്യാപകനെ ക്യാമ്പസില്‍ കയറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍

jnu

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അപമാനിക്കുന്നെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെ ക്യാമ്പസില്‍ കയറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍. ജെഎന്‍യുവിലെ ലൈഫ് സയന്‍സ് അധ്യാപകനായ അതുല്‍ ജോഹ്‌റിയെയാണ് ക്യാമ്പസില്‍ കയറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജോഹ്‌റിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജോഹ്‌റിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

ഒമ്പത് വിദ്യാര്‍ഥിനികളാണ് അധ്യാപകന്‍ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പര്‍ശിച്ചെന്നുമാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ അടുപ്പക്കാരനായ അതുല്‍ ജോഹ്‌റിയെ സര്‍വകലാശാല സംരക്ഷിക്കുകയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അറസ്റ്റ്‌ജോഹ്‌റി എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. അതേസമയം, ആരോപിതനായ അധ്യാപകനു പിന്തുണയുമായി എബിവിപി രംഗത്തെത്തിയിരുന്നു.

അധ്യാപകനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

Top