students complaints against police

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയേയും സഹോദരനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ വിദ്യാര്‍ഥി തിരൂര്‍ മുത്തൂരിലെ അതുല്‍ ജിത്ത് (17), മാതൃസഹോദരീ പുത്രന്‍ അഭിലാഷ് (26) എന്നിവരെയാണ് മര്‍ദ്ദിച്ചത്.

കണ്ണൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന കുറ്റത്തിനാണ് രണ്ടുപേരെയും മര്‍ദ്ദിച്ചത്. വയറിന് ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ അതുല്‍ജിത്ത് ഇപ്പോഴും ചികിത്സയിലാണ്. അഭിലാഷിന്റെ പരിക്ക് സാരമുള്ളതല്ല. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അതുലിന്റെ അച്ഛന്‍ വിജയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി.

കലോത്സവം സമാപിച്ച ജനുവരി 22ന് രാത്രി ഏഴരയ്ക്ക് കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്റെ കിഴക്കേകവാടത്തിലെ പൊലീസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ഗേറ്റ് വേ ഹോട്ടലിന് മുന്നിലാണ് സംഭവം.

തിരൂരില്‍നിന്ന് പരിപാടിക്കെത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭക്ഷണംകഴിക്കാന്‍ കയറിയതായിരുന്നു. അതുല്‍ജിത്തും അഭിലാഷും അപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സാണെന്ന് അറിയാതെ തൊട്ടു മുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചു.

ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയില്‍നിന്ന് ഒരു സ്ത്രീ അവരെ ശകാരിച്ചു. ചേച്ചീ മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇനി ഒഴിച്ചിട്ട് പോയ്‌ക്കോളാം എന്ന് ഇവര്‍ മറുപടി പറഞ്ഞു. അത് ഇഷ്ടപ്പെടാതെ നിങ്ങളെ കാണിച്ചുതരാം എന്ന് സ്ത്രീ ഭീഷണിപ്പെടുത്തി.

അതുല്‍ജിത്തും അഭിലാഷും ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുമ്പോഴേക്കും പൊലീസ് ജീപ്പില്‍ നാലു പൊലീസുകാര്‍ എത്തി സ്ത്രീ ചൂണ്ടിക്കാട്ടിയതനുസരിച്ച് രണ്ടു പേരെയും മര്‍ദ്ദിച്ചു.

ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന ഇരുവരെയും വലിച്ച് റോഡിലിട്ട് തല്ലി ചവിട്ടി വീഴ്ത്തി. മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും പൊലീസുകാര്‍ പിന്‍മാറിയില്ല. റോഡില്‍ കുഴഞ്ഞുവീണ അതുല്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും എ.കെ.ജി. ആശുപത്രിയിലെത്തിച്ചു.

മന്ത്രി കെ.ടി. ജലീലും ആശുപത്രിയിലെത്തി. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പരാതി കൊടുക്കരുതെന്ന് പറയാന്‍ ഇതിനെല്ലാം വഴിയൊരുക്കിയ സ്ത്രീയും ആശുപത്രിയിലെത്തിയിരുന്നു.

പിറ്റേദിവസം അതുല്‍ജിത്തിന്റെയും അച്ഛന്‍ വിജയന്റെയും മൊഴി രേഖപ്പടുത്തിയെങ്കിലും കുറ്റക്കാരായ പൊലീസുകാരുടെ പേരില്‍ നടപടിയെടുത്തിട്ടില്ല. ഇതോടെയാണ് നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചതെന്നും വിജയന്‍ പറഞ്ഞു.

Top