ആലത്തൂര്‍ പുതിയങ്കം ഗവ. യു.പി. സ്‌കൂള്‍ ഇനി മലയാളികളുടെ അഭിമാനം !

ആലത്തൂര്‍: ആലത്തൂർ പുതിയങ്കം ഗവ. യു.പി. സ്‌കൂളിൽ ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് 73 കുട്ടികള്‍. പതിനഞ്ചോളം പേര്‍ പ്രവേശനം പ്രതീക്ഷിച്ച് കാത്തിരിപ്പ് പട്ടികയില്‍. ആലത്തൂരിന്റെ അഭിമാനമായ പുതിയങ്കം ഗവ. യു.പി. സ്‌കൂള്‍ എന്ന പൊതുവിദ്യാലയത്തിലെ കണക്കുകളാണിവ.

ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 630 കുട്ടികളാണ് പഠിക്കുന്നത്. എല്ലാ ക്ലാസുകളിലും കൂടി നൂറോളം വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിന് അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പ്രീപ്രൈമറിയില്‍ നൂറ്റമ്പത് കുട്ടികള്‍. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ആവശ്യത്തിനു കുട്ടികളില്ലാതെ അധ്യാപകര്‍ വിഷമിക്കുമ്പോള്‍ ഇവിടെ അപേക്ഷിക്കുന്ന എല്ലാവരെയും എടുക്കാന്‍ കഴിയാത്തിലാണ് അധ്യാപകര്‍ക്ക് വിഷമം.

എ.സി. കമ്പ്യൂട്ടര്‍ലാബ്, എല്ലാ ക്ലാസിലും പ്രത്യേകം ലൈബ്രറി, ടൈലിട്ട ക്ലാസ് മുറികള്‍, എല്ലാ ക്ലാസിലും ഫാനും ലൈറ്റും, സ്‌കൂള്‍ബസ്, ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ നാലാം സ്ഥാനത്തെത്തിയതിന് 50ലക്ഷം രൂപയുടെ പുരസ്‌കാരം… നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.

കെ.ഡി.പ്രസേനന്‍ എം.എല്‍.എ. ലഭ്യമാക്കിയ ഒരു കോടി രൂപ ചെലവില്‍ പുതിയ എട്ട് ക്ലാസ് മുറികള്‍, ഹാള്‍, ലൈബ്രറി എന്നിവയുടെ പണി പൂര്‍ത്തിയാകുന്നു. ഇതോടൊപ്പം മുറ്റത്ത് ടൈല്‍ വിരിക്കും. ശിശു സൗഹൃത രീതിയിലായിരിക്കും പെയിന്റിങ്.പഠനത്തിനൊപ്പം പാഠ്യാനുബന്ധ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്ന് പ്രധാനധ്യാപകന്‍ ബി.സി.മോഹനന്‍ പറഞ്ഞു. എല്ലാ ശനിയാഴ്ചകളും സാറ്റര്‍ഡേ ക്ലിപ്പ് എന്ന പേരില്‍ ഇതിനായി മാറ്റിവെച്ചിരിക്കുന്നു.എല്ലാ ക്ലാസിലും രണ്ട് ഡിവിഷനുണ്ട്. ഇതിലോരോന്ന് വീതം ഇംഗ്ലീഷ് മീഡിയമാണ്. ഓരോ ക്ലാസിലും മൂന്ന് ഡിവിഷനുള്ള കുട്ടികളുണ്ട്. ക്ലാസ് മുറികളുടെ പരിമിതി മൂലമാണ് രണ്ട് ഡിവിഷനായി ക്രമീകരിച്ചിരിക്കുന്നത്.

നിലവില്‍ 16 ക്ലാസ് മുറികളുണ്ട്. ഇതില്‍ രണ്ടെണ്ണം സ്മാര്‍ട്ട് ക്ലാസ്റൂമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ബി.ആര്‍ജി.ഫണ്ടില്‍ നിന്ന് 65 ലക്ഷം വിനിയോഗിച്ചാണ് ഇത് നടപ്പാക്കിയത്. സ്‌കൂള്‍ ബസ് എം.പി.ഫണ്ട് വിനിയോഗിച്ചാണ് വാങ്ങിയത്.

Top