കൂട്ടത്തോല്‍വി; കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സമരം ശക്തമാകുന്നു

kolkatha_university

കൊല്‍ക്കത്ത: കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം 5-ാം ദിവസത്തിലേക്ക് കടക്കുന്നു. ഒന്നാം വര്‍ഷ ബിഎ, ബിഎസ്.സി ബിരുദ വിദ്യാര്‍ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ച യൂനിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.

യൂനിവേഴ്‌സിററിയുടെ ഗേറ്റിന് പുറത്ത് ആരംഭിച്ച സമരം കോളജിനകത്തേക്കും വ്യാപിച്ചു. എസ്.യു.സി.ഐ, ഡി.എസ്.ഒ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

കൂട്ടത്തോല്‍വിയുടെ കാരണം വ്യക്തമാക്കണമെന്നും, ഉത്തര പേപ്പര്‍ തിരിച്ചുവേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഉത്തര പേപ്പര്‍ തിരിച്ചു നല്‍കമെന്നും, തോല്‍വിയുടെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

64,543 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ 27,475 വിദ്യാര്‍ഥികളാണ് പരാജയപ്പെട്ടത്. അതായത് 57 ശതമാനം വിദ്യാര്‍ഥികളാണ് കോളജില്‍ പരാജയപ്പെട്ടത്. കഴിഞ്ഞ ജനുവരി 25നാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റിസല്‍ട്ട് വന്നത്.

സയന്‍സ് വിഷയത്തില്‍ വിജയശതമാനം കുറച്ചുകൂടി ഭേദമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു, 15,125 വിദ്യാര്‍ഥികളില്‍ 10,738 പേരാണ് വിജയിച്ചത്. അതായത് 71 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത്രയും മോശമായ റിസല്‍ട്ട് ഇത് ആദ്യമാണ്.

അതേസമയം, യൂനിവേഴ്സ്റ്റിയിലെ കൂട്ടത്തോല്‍വിയുടെ കാര്യം അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും തെറ്റ് വിദ്യാര്‍ഥികളുടെ ഭാഗത്താണെന്നുമാണ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പ്രതികരിച്ചത്.

വിദ്യാര്‍ഥികളോട് മറുപടി പറയാന്‍ മന്ത്രി താറായില്ല.”യൂനിവേഴ്‌സിറ്റിയിലെ കൂട്ടത്തോല്‍വി വിദ്യാര്‍ഥികളുടെ കഴിവുകേടാണ്. പഠിക്കുകയും വിജയം നേടേണ്ടതും അവരുടെ കടമയാണ്. തോറ്റതിനു ശേഷം സമരം ചെയ്തതുകൊണ്ട് കാര്യമില്ലെന്നും” അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിയെ സംബന്ധിച്ച കാര്യങ്ങള്‍ ഇടതു പക്ഷ നേതാവ് സുജന്‍ ചക്രവര്‍ത്തി നിയമ സഭയില്‍ ഉന്നയിച്ചിരുന്നു. സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നത് തികച്ചും അഴിമതിയാണെന്നും വിദ്യാര്‍ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയിലെ സമരം ഇപ്പോല്‍ നിയന്ത്രണാതീതമാണെന്നും അദ്ദേഹം നിയമസഭയില്‍ ഓര്‍മ്മപ്പെടുത്തി.

അതേസമയം പുറത്തുള്ളവര്‍ വിദ്യാര്‍ഥികളെ സ്വാധീനിക്കുന്നതുകൊണ്ടാണ് കാര്യം ഇത്രയും വഷളായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ജയ ദത്ത് പറഞ്ഞു. അവര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Top