എസ്.എഫ്.ഐ കോപിച്ചു, പ്രിൻസിപ്പൽ പേടിച്ച് സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകി

ആര്‍പ്പൂക്കര: എസ്എഫ്ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍. ആര്‍പ്പൂക്കര സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒപ്പിടാതെ സര്‍ട്ടിഫക്കറ്റ് നല്‍കിയ സംഭവം വിവാദമായിരന്നു. വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ക്കും ഒടുവിലാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടായത്. ഗുരുതരമായ വീഴ്ച്ച ചൂണ്ടിക്കാട്ടിയിട്ടും പ്രിന്‍സിപ്പല്‍ അതവഗണിച്ചെന്നും ആരോപണം ഉണ്ട്.

സമരത്തിനിടയിലും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല. സമരം ശക്തമായതോടെ സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന അക്കൗണ്ട്‌സ് ഓഫീസര്‍ ജോസഫ് സക്‌റിയയും സ്‌കൂളിലെത്തി.

പൊലീസ് സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രീഗോറിയന്‍സ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. മഹേഷ് ചന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ പി രാജേഷ് എന്നിവരുമായും ചര്‍ച്ച നടത്തി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാവുകയായിരുന്നു.

Top