അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവം; പ്രതികളെ ഇനിയും കണ്ടെത്തിയില്ല

കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ ഇനിയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളത്തേയ്ക്ക് മാറ്റിവെച്ചു. നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ നിഷാദ് വി മുഹമ്മദ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതാണ് അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെച്ചത്.

പരീക്ഷ ചീഫും നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയയുടെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Top