സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ദേശീയതല ഉദ്ഘാടനത്തില്‍ കേരളത്തെ അവഗണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ദേശീയതല ഉദ്ഘാടനത്തില്‍ കേരളത്തിന് അവഗണന. കേരളം ആവിഷ്‌കരിച്ച പദ്ധതിയായിട്ടും പ്രഖ്യാപന വേദിയില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ആരെയും ഇരുത്തിയില്ല. വേദിയില്‍ വെച്ച് കേരളത്തെ അഭിനന്ദിക്കുകയോ പ്രത്യേകം പരാമര്‍ശിക്കുകയോ ചെയ്തില്ല. കേന്ദ്രത്തിന്റെ നടപടിയില്‍ നിരാശയെന്ന് ഐജി.പി വിജയന്‍ പറഞ്ഞു.

അതേസമയം, ഹരിയാനയിലെ ഗുഡ്ഗാവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ നിന്നു 20 കെഡറ്റുകളും നോഡല്‍ ഓഫിസറായ ഐജി: പി.വിജയനുമാണ് പങ്കെടുത്തത്.

2010 ല്‍ ആണ് കേരളത്തില്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് വലിയ രൂപത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും ഉറപ്പു വരുത്തുന്നതിനായിരുന്നു പദ്ധതി. 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് അരലക്ഷം പിന്നിട്ടു കഴിഞ്ഞു. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറും ദീര്‍ഘകാലം വിജയന്‍ ഐ.പി.എസ് തന്നെ ആയിരുന്നു. ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറമെ ഗതാഗത വനം എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും സ്റ്റുഡന്റ് പൊലീസ് പദ്ധതിക്കുണ്ട്.

കേരളത്തില്‍ വന്‍ വിജയമായ പദ്ധതിയില്‍ ആകൃഷ്ടരായി ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച് പഠിച്ച് ഈ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്ങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയില്‍ കൂടുതല്‍ ആകൃഷ്ടനാവുകയും ദേശീയ തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി നടത്തി വരുന്നുണ്ട്. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപയിനുകള്‍, നിയമസാക്ഷരതാ ക്ലാസ്സുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്‌സൈസ്, ആര്‍.ടി.ഒ വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാംപുകള്‍ നടത്താറുണ്ട്. രണ്ടു വര്‍ഷം അഞ്ഞൂറു മണിക്കൂര്‍ സേവനമാണ് ഓരോ കേഡറ്റും നടത്തേണ്ടത്. ജില്ലകളില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഏകോപന ചുമതല.

Top