Student police cadet in ten States; planned for spc developed tenth class

തിരുവനന്തപുരം: കേരളം രാജ്യത്തിന് സമര്‍പ്പിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് (എസ്പിസി) മഹാരാഷ്ട്ര,ബിഹാര്‍,ഒറീസ്സ,ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലും തുടക്കമായി.

കേരളത്തിന് പുറമേ നിലവില്‍ ഗുജറാത്ത്, രാജസ്ഥാന്‍,കര്‍ണ്ണാടക പോണ്ടിച്ചേരി,തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. ഇപ്പോള്‍ പുതുതായി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലും പരീക്ഷണാര്‍ത്ഥമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പൊലീസിനെ വാര്‍ത്തെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

2010ലാണ് പദ്ധതി നിലവില്‍ വന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് സ്റ്റുഡന്റ് പൊലീസ് നടപ്പാക്കിയത്. പി വിജയന്‍ ഐപിഎസിന്റെ ആശയത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബന്ധതയും നിയമബോധവും ഉള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കേരളത്തില്‍ 540സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതി നിലവിലുണ്ട്.

സാമൂഹികരംഗത്തെ ഇടപെടല്‍ പോലെ പഠനത്തിലും കുട്ടിപ്പൊലീസുകാര്‍ മിടുക്ക് പുലര്‍ത്തുന്നുണ്ട്. പദ്ധതി നിലവിലുള്ള സ്‌കൂളുകളുടെ വിജയശതമാനത്തില്‍ ഗണ്യമായ സംഭാവനയാണ് എസ്പിസിയില്‍ അംഗമായ വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 305 സ്‌കൂളിലെ സീനിയര്‍ കേഡറ്റുകള്‍ ചേര്‍ന്ന് 1734 എ പ്ലസ് നേടി. ഇത് സംസ്ഥാന ശരാശരിയുടെ മൂന്നിരട്ടിയാണ്. തീരദേശപ്രദേശങ്ങളിലെയും സ്‌കൂളുകളുടെ വിജയശതമാനം വര്‍ധിപ്പിക്കുന്നതില്‍ കൂട്ടിപ്പൊലീസ് അംഗങ്ങളുടെ പങ്ക് വലുതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പഠനത്തില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും ഈ പദ്ധതിക്ക് സാധിച്ചതായി സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

പത്താംക്ലാസിലേക്ക് പദ്ധതി വ്യാപിപ്പിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ സ്റ്റുഡന്റ് പൊലീസിനെ പ്രാപ്തരാക്കുമെന്നാണ് അധികൃതര്‍ കണക്ക്കൂട്ടുന്നത്. ഇത് സംബന്ധമായ സര്‍ക്കാര്‍ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Top