കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; റാഗിംഗ് മൂലമാണെന്ന് സഹപാഠികള്‍

തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ച്ചയായ റാഗിംഗില്‍ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികള്‍ പരാതിപ്പെട്ടു. ഒരാഴ്ച മുന്‍പ് മാത്രമാണ് മഹേഷ് ക്യാമ്പസിലെത്തിയത്.

മഹേഷിന് നാട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യ ചെയ്യാനുളള കാരണങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അറിവില്ല. ക്യാമ്പസില്‍ ആണ്‍കുട്ടികള്‍ക്കുളള പമ്പ ഹോസ്റ്റലിലാണ് മഹേഷ് താമസിച്ചിരുന്നത്. ഇവിടെയാണ് മഹേഷ് തൂങ്ങിമരിച്ചത്. മരണം നടന്ന ദിവസം സര്‍വകലാശാലയില്‍ നിന്നും പണ്ട് പഠിച്ചിറങ്ങിയ ചിലര്‍ ഇവിടെയെത്തിയിരുന്നതായും അര്‍ദ്ധരാത്രി കഴിയും വരെ ഇവര്‍ ക്യാമ്പസില്‍ തങ്ങിയിരുന്നതായും വിവരമുണ്ട്. ഇതിന് ശേഷമാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങിയവര്‍ പോലും ഇവിടെ തിരിച്ചെത്തി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യാറുണ്ടെന്ന് ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ആരോപിച്ചു. ഇതിനെതിരെ സംഘടന ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. മഹേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും റാഗിംഗിനെക്കുറിച്ച് അതില്‍ പറയുന്നില്ലെന്നുമാണ് പൊലീസില്‍ നിന്നുളള വിവരം. പ്രണയപരാജയമാണോ മരണകാരണമെന്നും പൊലീസ് പരിശോധിക്കുകയാണ്.

Top