കണ്ണിന് പരിക്ക്; വിദ്യാര്‍ത്ഥിയെ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി

പാലക്കാട്: കമ്പിവേലി തട്ടി കണ്ണിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി. ആശുപത്രിയില്‍ എത്തിക്കാതെ രണ്ട്മണിക്കൂറോളം കുട്ടിയെ സ്റ്റാഫ് റൂമില്‍ ഇരിത്തിയെന്നും പരാതിയുണ്ട്. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം നടന്നത്.

വല്ലപ്പുഴ കുറുവട്ടൂര്‍ കെസിഎം യുപി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്പി വേലി തട്ടിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ എത്തിച്ചില്ലെന്നും പരാതിയുണ്ട്.

തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം കുട്ടിയുടെ വീട്ടിലേക്ക് ആളെ പറഞ്ഞുവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്മയാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കണ്ണിന് പറ്റിയ മുറിവ് ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ കാഴ്ച നഷ്ടമായേനെ എന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയില്‍ നിന്നും അമ്മയില്‍ നിന്നും മൊഴി എടുത്തിട്ടുണ്ട്. അടുത്ത ദിവസം സിഡബ്ല്യുസി ചെയര്‍മാന്‍ വിവരങ്ങള്‍ കൈമാറും. തുടര്‍ന്നായിരിക്കും നിയമപരമായ നടപടികള്‍ എടുക്കുക.

Top