സഹപാഠിയുടെ അടിയേറ്റ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

died

മധുര : സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടി അവസാനിച്ചത് മരണത്തില്‍. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. തേനി കംബാര്‍ സ്ട്രീറ്റിലെ എം തിരുമല്‍ (17) ആണ് മരിച്ചത്.

അല്ലിനഗരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയ തിരുമല്‍ വന്നതിന് ശേഷം ചങ്ങാതിമാര്‍ തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ അടിപിടിക്കിടെ തിരുമല്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ അദ്ധ്യാപകര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില അപകടകരമാണെന്നും അതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു.

മരണത്തിന് കാരണക്കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഉപരോധ സമരം നടത്തി. രണ്ട് മണിക്കൂറിന് ശേഷം വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് സമരം അവസാനിപ്പിച്ചത്.

Top