വിദ്യാര്‍ത്ഥിയെ ജാതി വിളിച്ച് അപമാനിച്ചു;അധ്യാപകര്‍ക്കെതിരെ കേസ്

ലഖ്‌നൗ: ദളിത് പെണ്‍കുട്ടിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസില്‍ അധ്യാപകര്‍ക്കെതിരെ കേസ്. ദീന്‍ ദയാല്‍ ഉപാധ്യായ ഗോരഖ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്.സി എസ്.ടി (പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍) ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഗവേഷക വിദ്യാര്‍ത്ഥിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അധ്യാപകര്‍ തന്നെ അപമാനിച്ചെന്ന് കാട്ടി വിദ്യാര്‍ത്ഥി നേരത്തെ തന്നെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് അധ്യാപകരും കോളേജിലെ ചിലയാളുകളും ചേര്‍ന്നാണ് തന്നെ അധിക്ഷേപിച്ചതെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു. തന്നെ കോളേജില്‍ പഠിക്കാന്‍ പോലും അവര്‍ അനുവദിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന് പരാതി നല്‍കിയതിന് പിന്നാലെ കോളേജ് ഗേറ്റിനടുത്ത് വെച്ച് ചില ഗുണ്ടകള്‍ തന്നെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കി.

സെപ്റ്റംബര്‍ 6നാണ് സംഭവം നടന്നതെന്നും വിഷയത്തില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിരുന്നെന്നുമാണ് വൈസ് ചാന്‍സിലര്‍ വി.കെ സിങ് പറയുന്നത്.

യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് നാല് ദിവസം കോളേജ് അവധിയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും വിദ്യാര്‍ത്ഥി പരാതിയുമായി വന്നു. തുടര്‍ന്ന് ആരോപണ വിധേയനായ അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും വി.സി പറഞ്ഞു. സെപ്റ്റംബര്‍ 20 ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Top