യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വരുന്നത് ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം

crime

കുമിളി: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വരുന്നത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു. കുമിളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ചെവിക്കും നട്ടെല്ലിനും പരിക്കേറ്റ അധ്യാപകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബിന്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോം ധരിക്കാതെ സ്‌കൂളില്‍വന്നത് ചോദ്യം ചെയ്തതിനാണ് അബിന്‍ അധ്യാപകനെ മര്‍ദ്ദിച്ചതെന്ന് കുമളി എസ്. ഐ പ്രശാന്ത് പി. നായര്‍ പറഞ്ഞു. യൂണിഫോം ധരിക്കാതെ വന്നതിന് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അധ്യാപകനായ ജയദേവ് ആവശ്യപ്പെട്ടു.

ക്ലാസിന് പുറത്തേയ്ക്ക് വിദ്യാര്‍ഥിയെ ഇറക്കി വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ അബിന്‍ അധ്യാപകന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് അധ്യാപകന്‍ വീണു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ചായിരുന്നു തുടര്‍ന്നുള്ള മര്‍ദ്ദനം.

Top