യുപിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ലഖ്‌നൗ: യുപിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ സമീപത്തെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂട്ടിയത്.

പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാര്‍ഥിയെ തല്ലാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവാദമായത്. പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ കേസെടുത്തു. ഇതൊരു ചെറിയ പ്രശ്നമാണെന്നാണ് അധ്യാപികയുടെ നിലപാട്. സംഭവത്തില്‍ വര്‍ഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാല്‍ ചില വിദ്യാര്‍ത്ഥികളോട് തല്ലാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. താന്‍ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതെന്നും അവര്‍ വിശദീകരിച്ചു.

Top